Malayalam

കരിമ്പനകളുടെ നാട്ടില്‍.

കവ
കവ
Spread the love

കേരളത്തിലെ ഏറ്റവും വലിയ ജില്ല. കേരളത്തിന്‍റെ നെല്ലറ. ചെമ്പൈ വൈദ്യനാഥ ഭാഗവതരും, പാലക്കാട് മണിയ്യരും പോലുള്ള അനവധി കലാകാരന്‍മ്മാരുടെ ജന്മഭൂമി. മലയാള കൃതികളിലെയും, ഒട്ടനവധി സിനിമകളിലെയും പ്രകൃതി രമണീയമായ നാട്. വിശേഷങ്ങളും, പ്രത്യേകതകളും അനവധിയുള്ള ഈ നാട്ടിനെ പ്രകൃതി, മാമലകള്‍ കൊണ്ട് സംരക്ഷിക്കുന്നു. നൂറ്റാണ്ടുകളായി രണ്ട് ജനവിഭാഗത്തിന്‍റെ, രണ്ട് ദേശങ്ങളുടെ ബന്ധങ്ങളെ, വ്യാപാരങ്ങളെ എല്ലാം ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് വാളയാർ മലകളും, നെല്ലിയാമ്പതി മലകളും അതിര് തീര്‍ക്കുന്ന പാലക്കാട് ചുരം. ഈ പ്രദേശങ്ങളിലെ കൈത്തറി നെയ്ത്തുകാർ, തോൽപ്പാവക്കൂത്തു നടത്തുന്ന പുലവർമാർ തുടങ്ങിയവരൊക്കെ ചുരം താണ്ടി വന്നവരാണ്. സമീപപ്രദേശങ്ങളിലെ കാലാവസ്ഥയിലും സാംസ്ക്കാരികത്തനിമകളിലും കൂടി പാലക്കാടന്‍ ചുരത്തിന് വളരെയധികം സ്വാധീനം ഉണ്ട്. ഈ പാലക്കാടിന്‍റെ മനുഷ്യ നിര്‍മ്മിത സംരക്ഷണ മലയാണ് പാലക്കാട് കോട്ട.

പാലക്കാട് കോട്ട

1766-ല്‍ മൈസൂര്‍ രാജാവായ ഹൈദരാലി ആണ് കോട്ട പണി കഴിപ്പിച്ചത്. പിന്നീട് ഹൈദരാലി മകനായ ടിപ്പുവിന്‍റെ സൈനിക താവളമായിരുന്നു ഈ കോട്ട. ബ്രിട്ടീഷ് ടിപ്പു പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ 1799-ല്‍ മൈസൂരില്‍ വച്ച് ടിപ്പു കൊല്ലപ്പെട്ടതോടെയാണ് ഈ കോട്ട ടിപ്പുവിന്‍റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഗതകാലസ്മരണകള്‍ അയവിറക്കി കിടക്കുന്ന കോട്ട ഇന്നു പുരാവസ്തു വകുപ്പിന്‍റെ കീഴിലാണ്. ചുറ്റും വിശാലമായ കിടങ്ങും കൂറ്റന്‍ കരിങ്കല്ല് പാളികള്‍ കൊണ്ടുള്ള മതിലും ഉള്ള ഒരു ബ്രഹത്ത് നിര്‍മ്മിതിയാണ്‌ ഈ കോട്ട. കോട്ടവാതില്‍ കടന്ന് ചെന്നാല്‍ ആദ്യം കാണുന്നത് ഒരു ക്ഷേത്രമാണ് . ക്ഷേത്രത്തിലെ പ്രതിഷ്ഠ ഹനുമാനാണ്. ക്ഷേത്രത്തിനു ഇടതുവശത്തുള്ള കോട്ടമതിലില്‍ ആനകളുടെയും, പിന്നെ മനസിലാവാത്ത എന്തൊക്കയോ രൂപങ്ങള്‍ കൊത്തിവച്ചിരിക്കുന്നു. ഈ രൂപങ്ങള്‍ക്ക്‌ മുകളില്‍ തുളസിമാലകള്‍ ചാര്‍ത്തിയിരിക്കുന്നു.കോട്ടക്ക് അകത്തു ചെന്നാല്‍ വിശാലമായ സ്ഥലത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍ മരങ്ങള്‍ തണല്‍ വിരിച്ചുനില്‍ക്കുന്നു.

മലമ്പുഴ ഡാം

കോട്ടയുടെ വലതുമൂലയില്‍ മനോഹരമായൊരു കിണര്‍ സ്ഥിതിചെയ്യുന്നു. കോട്ടയിലെ കെട്ടിടങ്ങളില്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളും പാലക്കാട് സബ്ജയിലും പ്രവര്‍ത്തിക്കുന്നു. കോട്ടയിലെ മതിലിനുമുകളില്‍ കൂടി നടക്കുകയും പീരങ്കി പോയന്റില്‍ നിന്ന് പാലക്കാടിനെ കണ്ടും, കോട്ടയില്‍ അലഞ്ഞു നടക്കുന്ന സഞ്ചാരികളെ കണ്ടും കോട്ടയില്‍ കുറച്ചുനേരം ചുറ്റികറങ്ങി. ഇന്ത്യയില്‍ തന്നെ നന്നായി സംരക്ഷിക്കപ്പെടുന്ന കൊട്ടയാണിത്, എന്നിരുന്നാലും എന്തൊക്കയോ പോരായ്മകള്‍ ഉണ്ടെന്നുതോന്നുന്നു. കോട്ടയില്‍നിന്നും പുറത്തിറങ്ങി. കോട്ടയ്ക്കു പുറത്തായി ഒരു വലിയ മൈതാനം ഉണ്ട്. ടിപ്പുവിന്‍റെ ആനകളെ തളച്ചിരുന്നതും, കുതിരലായങ്ങളും ഇവിടെയായിരുന്നു. ഇവിടെ ഇന്നു പോതുസമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍, മത്സരങ്ങള്‍ എന്നിവ നടത്തുവാന്‍ ഉപയോഗിക്കുന്നു. കുട്ടികളുടെ ഒരു പാര്‍ക്കും, രാപ്പാടി എന്നൊരു തുറസ്സായ ഓഡിറ്റോറിയവും ഇവിടെ ഉണ്ട്. കോട്ടയിലെ കാഴ്ചകള്‍ കണ്ട് നേരെ മലമ്പുഴക്ക്. പാലക്കാട്ടുനിന്ന് മലമ്പുഴക്ക് 14 k, m, ദൂരമേ ഉള്ളൂ. പണ്ടു മുതലേ സ്കൂള്‍ ടൂര്‍ പാക്കേജിലെ പ്രധാനപ്പെട്ട സ്ഥലമാണ് മലമ്പുഴ.

മലമ്പുഴ ഉദ്യാനം

ഇന്നു വളരെ അധികം ടൂര്‍ സ്ഥലങ്ങള്‍ ഉണ്ടെങ്കിലും മലമ്പുഴയുടെ പ്രാധ്യാനം ഒട്ടും തന്നെ കുറവു വന്നിട്ടില്ല. മലമ്പുഴ ഡാമും, ഡാമിന് താഴെയുള്ള ഉദ്യാനവും ഇവയ്ക്ക് കാവലായി നിലകൊള്ളുന്ന മലനിരകളും എല്ലാം കൂടിയുള്ള ആ കാഴ്ചയുണ്ടല്ലോ, അത് വാക്കുകളില്‍ വിവരിക്കാവുന്നതല്ല കണ്ടു തന്നെ അറിയണം. ജലസേചനത്തിനായുള്ള തെക്കെഇന്ത്യയിലെ ഏറ്റവും വലിയ ജലസംഭരണിയാണ് മലമ്പുഴഡാം. കേരളത്തിന്‍റെ വൃന്ദാവനം എന്നാണ് മലമ്പുഴ ഉദ്യാനത്തെ അറിയപ്പെടുന്നത്. പച്ചപ്പുനിറഞ്ഞ പുല്‍ത്തകിടികളും, തണല്‍വിരിച്ചുനില്‍ക്കുന്ന മരങ്ങളും, ഇവക്ക് കീഴെയുള്ള ഇരിപ്പിടങ്ങളും, വൈവിധ്യമാര്‍ന്ന പുഷ്പങ്ങള്‍ നിറഞ്ഞ പൂന്തോട്ടവും, ഫൌണ്ടനനുകളും, ചെറുകുളങ്ങളും, എല്ലാംകൂടി മനസ്സിന് ഉന്മേഷവും, കണ്ണിനുകുളിര്‍മ്മയും നല്‍കുന്ന മനോഹരമായൊരു ഉദ്യാനമാണ് മലമ്പുഴ ഉദ്യാനം. ഉദ്യാനത്തിനു മുകളില്‍കൂടിയുള്ള റോപ്പുവേ കാറില്‍ ഉള്ള സഞ്ചാരം മറക്കവുന്നതല്ല.

മലമ്പുഴ യക്ഷി

സാധാരണ മറ്റ് സ്ഥലങ്ങലിലുള്ള ഉദ്യാനങ്ങളെക്കാള്‍ മനോഹരവും, കാഴ്ചകളുടെ ഉത്സവവും മലമ്പുഴ ഉദ്യാനം നമുക്ക് നല്‍കുന്നു. മത്സ്യരൂപത്തിലുള്ള അക്യേറിയം, കുട്ടികളുടെ ട്രെയിന്‍, ജാപ്പനിസ് മോഡല്‍ ഉദ്യാനം, കനാലിനു കുറുകെയുള്ള തൂക്കുപാലം, ടെലിസ്കൊപ്പിക്ക് ടവര്‍, പാമ്പു വളര്‍ത്തല്‍ കേന്ദ്രം, 1969-ല്‍ കാനായികുഞ്ഞിരാമന്‍ നിര്‍മ്മിച്ച ഒറ്റക്കല്‍ ശില്‍പ്പമായ യക്ഷി, എന്നിങ്ങനെ കാഴ്ചകളുടെ പൂരപ്പറമ്പാണ്‌ മലമ്പുഴ ഉദ്യാനം. ഉപയോഗശൂന്യമായ പാഴ്വസ്തുക്കള്‍ കൊണ്ടുള്ള റോക്ക്ഗാഡന്‍ കാണണ്ട കാഴ്ചയാണ്. രാവിലെ 10 മുതല്‍ 5 വരെയാണ് സന്ദര്‍ശന സമയം. ഇതുകൂടാതെ മലമ്പുഴ ഫാന്‍റെസിപാര്‍ക്കിനടുത്തുള്ള ത്രഡ് ഗാഡന്‍ കാണേണ്ടതു തന്നെയാണ്. എംബ്രോയിഡറിക്കായുള്ള വിവിധ വര്‍ണ്ണങ്ങളിലുള്ള നൂലുകള്‍ ഉപയോഗിച്ച് സൂചിയോ അതുപോലുള്ള ഉപകരണങ്ങളോ ഉപയോഗിക്കാതെ കൈകൊണ്ട് മാത്രം വിവിധയിനം രൂപങ്ങള്‍ നിര്‍മ്മിച്ചുവച്ചിരിക്കുന്നത് ഒരു വെത്യസ്തമാര്‍ന്ന കാഴ്ച്ചാനുഭവമാണ് ത്രഡ് ഗാഡന്‍ [ നൂല്‍ഉദ്യാനം ] നമുക്ക് നല്‍കുന്നത്.

കവ

കാഴ്ചകള്‍ കണ്ടു തിരികെ പോരുവാന്‍ തുടങ്ങിയപ്പോള്‍ കൈയിലെ ക്യാമറ കണ്ടിട്ടാണെന്നു തോന്നുന്നു ഒരാള്‍ വന്ന് പറഞ്ഞു മലമ്പുഴ ഡാമിനു മറുവശം കവ എന്ന അത്യാഹര്‍ഷകമായ കാഴ്ച നല്‍കുന്ന ഒരു സ്ഥലമുണ്ട്. മഴക്കാലത്ത് മേഘങ്ങളാല്‍ അത്ഭുത കാഴ്ചകള്‍ ഒരുക്കുന്ന പ്രകൃതിരമണീയമായ കവ. മലമ്പുഴ ഉദ്യാനത്തെ ചുറ്റി ആനക്കല്‍ പോകുന്ന വഴിയില്‍കൂടി12 k,m പോയാല്‍ മനോഹരിയായ കവയില്‍ എത്താം. മഴക്കാല യാത്രകളില്‍ ഒഴിവാക്കാനാവാത്ത സ്ഥലമത്രേ കവ. ഇത്രയും പറഞ്ഞു കേട്ടപ്പോള്‍ പോയിട്ടുതന്നെ കാര്യം എന്ന് തീരുമാനിച്ചു. നേരെ കവയിലേക്ക് വണ്ടി തിരിച്ചു. അതിവിശാലമായ മൈതാനത്തെ ഉമ്മവച്ചു കിടക്കുന്ന മനോഹരമായ തടാകവും, പുറകിലെ പശ്ചിമഘട്ട മലനിരകളും, മൈതാന അതിരുകളില്‍ വെഞ്ചാമരം വീശി നില്‍ക്കുന്ന പനകളും, ഇവക്കിടയില്‍ പുല്ലുമേയുന്ന കാലികൂട്ടങ്ങളും, എല്ലാംകൊണ്ടും പറഞ്ഞറിയിക്കാന്‍ കഴിയാത്ത പ്രകൃതിയുടെ മനോഹര മുഖം. കേട്ടകാര്യം ശരിയാണ് വെയിലായിട്ടും ആകാശത്ത്‌ മേഘങ്ങളുടെ കളിയാട്ടം. പഞ്ഞികെട്ടുപോലുള്ള മേഘങ്ങള്‍ ആകാശത്ത്‌ ചിത്രം വരയ്ക്കുന്നു, കൂടെ കുളിര്‍കാറ്റും. ആരോപറഞ്ഞപോലെ ഭൂമിയിലെ സ്വര്‍ഗ്ഗം ഇതാണ്. .. ഇതാണ് ,,, ഇതാണ്. ഇത്തവണത്തെ മഴയാത്രയില്‍ ആദ്യത്തേത് കവ എന്ന് മനസ്സില്‍ പറഞ്ഞുറപ്പിച്ച് തിരികെ നാട്ടിലേക്ക്. ;;;;;;;;;;;

What is your reaction?

Excited
0
Happy
0
In Love
1
Not Sure
1
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam