Malayalam

കേരളത്തിലെ മസായി മാര.

വശ്യപ്പാറ
വശ്യപ്പാറ
Spread the love

ഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ഇഴയുകയാണ്. ഒരു ഫോട്ടോ, ഒരു ചെറിയ വീഡിയോ ഇത്രയും മതി അതിന് ഓന്തിന്‍റെ ഒരു ജാഡ സുസ്മിതാസെന്‍ ആണെന്നാണ്‌ വിചാരം. എന്തോ എന്‍റെ വിഷമമം കണ്ടിട്ടാകണം കുറച്ചുനേരം ഒരിടത്ത് ഇരുന്നു. വീഡിയോ ക്ലിപ്പും, കുറച്ചു ഫോട്ടോകളും കിട്ടിയ ആശ്യാസത്തിന് ശരിക്കും ശ്യാസം വിട്ടിരുന്നു. അപ്പോളതാ കാടിളക്കി എന്തോ വന്നു മുന്നില്‍ ചാടി. കാട്ടുമുയലാണ് എന്നെ പെട്ടന്ന് കണ്ടതും മുയല്‍ സ്തംഭിച്ചു പോയി. അതിന്‍റെ തട്ടകത്തില്‍ ഞാനെന്ന വികൃത ജീവിയെ കണ്ട് മീശ വിറപ്പിച്ച് ഓടിപോയി. മുയലിന്‍റെ ഓടിവരവില്‍ ഓന്ത് പ്രാണനും കൊണ്ട് പാഞ്ഞു. അതിനിടയില്‍ സാര്‍ നേരം റൊമ്പ ആയാച്ച് പോകലമാം എനിക്കുകൂട്ടുവന്ന ഗൈഡിന്‍റെ മുറവിളി. വല്ലപ്പോഴും വളരെ കഷ്ടപെട്ടാണ് കാട് കയറുന്നത് അപ്പോള്‍ ശരിക്കും കാട് കണ്ടില്ലെങ്കില്‍ എങ്ങനെയാ. ഗൈഡിനെ പറഞ്ഞിട്ട് കാര്യമില്ല കാട്ടില്‍ വളര്‍ന്നതാണ് കൂടാതെ ഇത് ഉപജീവന മാര്‍ഗ്ഗം കൂടിയാണ്. ഗൈഡിന്‍റെ കൂടെ വീണ്ടും നടത്തം വശ്യപ്പാറയിലേക്ക്.

വശ്യപ്പാറ ഹട്ട്

ചിന്നാറില്‍ ഒന്നുരണ്ടു തവണ വന്നിട്ടുണ്ട് അന്നൊക്കെ സമയക്കുറവു കാരണം വശ്യപ്പാറയിലേക്കുള്ള ട്രക്കിംങ്ങിനു പോയില്ല. വശ്യപ്പാറ ട്രക്കിംങ്ങും, ക്യാമ്പും ഓണ്‍ലൈന്‍ ബുക്കിംങ്ങാണ്. രണ്ടു ആള്‍ക്ക് 4000 രൂപയാണ് ചാര്‍ജ്. അധികം ആളുകള്‍ ഉണ്ടെങ്കില്‍ ആളൊന്നിനു 1000 രൂപ അധികചാര്‍ജ് വരും. ചിന്നാര്‍ ചെക്പോസ്റ്റില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ചെല്ലണം. 2 മണിക്കാണ് വശ്യപ്പാറയിലേക്ക് പോകുന്നത് തിരികെ അടുത്തദിവസം രാവിലെ 10 മണിക്ക് വശ്യപ്പാറയില്‍ നിന്നും തിരികെ പോരും. 6, k , m ആണ് വശ്യപ്പാറയിലേക്കുള്ള ട്രക്കിംഗ് ദൂരം. കുറച്ചു ദൂരം നടന്നപ്പോള്‍ ഒരു വിശാലമായ പാറയുടെ മുകളില്‍ എത്തി അവിടുന്ന് ചിന്നാര്‍ കാടിന്‍റെ മനോഹരമായ കാഴ്ച്ച കിട്ടും നല്ല കാറ്റും. കുറച്ചുനേരം ഇവിടെ ഇരിക്കാന്‍ തീരുമാനിച്ചു. ഗൈഡ് ബൈനോക്കുലര്‍ വഴി താഴെ മൃഗങ്ങള്‍ വല്ലതും ഉണ്ടോ എന്നു നോക്കുന്നു.

വശ്യപ്പാറ കാഴ്ച

കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ പെടുന്ന മറയൂരിനടുത്ത് സ്ഥിതി ചെയ്യുന്ന വന്യമൃഗ സംരക്ഷണകേന്ദ്രമാണ് ചിന്നാർ വന്യമൃഗസംരക്ഷണകേന്ദ്രം. ചന്ദത്തിന്‍റെ നാടായ മറയൂരിൽ നിന്ന് 18 k, m സംസ്ഥാന ഹൈവേ 17- ല്‍ ആണ് ചിന്നാര്‍ സ്ഥിചെയ്യുന്നത്. കേരളത്തിലെ ഏക മഴനിഴൽക്കാടാണ് ചിന്നാർ മഴ കുറവുള്ള പ്രദേശമാണ് അതിനാല്‍ ചിന്നാര്‍ മുഴുവന്‍ നരച്ചാണ് കിടക്കുന്നത്. സാഹസികരുടേയും, കുടുംബയാത്രികരുടേയും, സഞ്ചാരികളുടെയും, ഇഷ്ട സുന്ദരിയാണ് ചിന്നാര്‍. കുട്ടികാടുളാണ് അധികവും അതിനാല്‍ വന്യമൃഗങ്ങളെ തടസ്സമില്ലാതെ കാണാം. കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളിലൊന്നായ പാമ്പയാറാണ് ചിന്നാറിലെ പ്രധാന ജല സ്രോതസ്സ്. ഇലപൊഴിയും കാടുകള്‍, ചോലവനങ്ങള്‍, വരണ്ട് ഉഷ്ണമേഖലാക്കാടുകള്‍, കുറ്റിക്കാടുകള്‍, പുല്‍മേടുകള്‍ നദീതട വനങ്ങള്‍, എന്നിങ്ങനെ വിവിധതരം കാടുകളാല്‍ സമൃദ്ധമാണ് ചിന്നാര്‍.

വശ്യപ്പാറകാഴ്ച

മറയൂരില്‍ നിന്നും ചിന്നാര്‍ക്ക് വരുന്ന വഴിയില്‍ പച്ചപട്ടു വിരിച്ച കാടിനുള്ളില്‍ തൂവാനം വെള്ളച്ചാട്ടത്തിന്‍റെ മനോഹരമായ കാഴ്ച്ച കാണാം. ചിന്നാറില്‍ അനവധി ട്രക്കിംഗ് വഴികളുണ്ട് ഒരുമണിക്കൂര്‍ നീളുന്ന നദീതീര ട്രക്കിംഗ്, തൂവാനം ട്രക്കിംഗ്, വശ്യപ്പാറ ട്രക്കിംഗ്, ഇവിടെയെല്ലാം രാത്രി ക്യാമ്പിങ്ങും ഉണ്ട്. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ചാമ്പൽ മലയണ്ണാന്‍റെ ആവാസകേന്ദ്രമാണ് ചിന്നാര്‍ ലോകത്താകെ ഇരുന്നൂറിനടുത്താണ് ചാമ്പൽ മലയണ്ണാന്‍മാരുടെ എണ്ണം അതില്‍ തൊണ്ണൂറു ശതമാനവും ചിന്നാറിലാണ് ഉള്ളത്. ഏറ്റവും വിലപിടിച്ച ആമയായ നക്ഷത്ര ആമകളുടെ ആവാസകേന്ദ്രം കൂടിയാണ് ചിന്നാര്‍. പാമ്പാർ കടന്നു ചമ്പക്കര ട്രൈബൽ കോളനി കടന്ന് [ ഈ കോളനിയില്‍ മുതുവാൻ വിഭാഗത്തിൽ പെട്ട ആദിവാസികളാണ് താമസ്സിക്കുന്നത്‌ ] കള്ളിമുൾച്ചെടികളും, പാറക്കൂട്ടങ്ങളും, കുറ്റിക്കാടുകളും, അത്യപൂർവ്വങ്ങളായ ജീവജാലങ്ങളും, വിവിധ ഇനങ്ങളിൽപെട്ട വൃക്ഷങ്ങളും നിറഞ്ഞുനിൽക്കുന്ന കാട്ടില്‍ കൂടി ലോകത്തിന്‍റെ അസഹ്യമായ ഒച്ചകളില്ലാതെ പ്രകൃതിയില്‍ അലിഞ്ഞുള്ള ഈ നടപ്പിന്‍റെ സുഖം ഒന്നു വേറെതന്നെയാണ്‌.

വശ്യപ്പാറകാഴ്ച

പോകാം സര്‍ ഗൈഡ് വീണ്ടും ചിലച്ചു. കോളനിയിലെ രണ്ടുപേരും ഒരു ഫോറെസ്റ്റ് വാച്ചറുമാണ് കൂടെയുള്ളത്. രാത്രി ഭക്ഷണം പാകം ചെയ്യുവാനുള്ള വെള്ളവും , സാമഗ്രികളുമായി രണ്ടുപേര്‍ മുമ്പേ പോയിട്ടുണ്ട്. ഫോറെസ്റ്റ് വാച്ചറാണ് കൂടെയുള്ളത്. ഇനി ഇവിടുന്നു 15 മിനിട്ട് നടന്നാല്‍ മതിയെന്നാണ് ഗൈഡ് പറഞ്ഞത്. കിളികളുടെ കിന്നാരം കേട്ടുകൊണ്ട് നടന്നു. കുറെദൂരം നടന്ന് ഹട്ടിലെത്തി. വന്യമൃഗങ്ങളില്‍ നിന്നുമുള്ള രക്ഷക്കായി ഹട്ടിനു ചുറ്റും വേലികെട്ടിയിരിക്കുന്നു വേലിയില്‍ വലിയ കാര്യമൊന്നുമില്ല പലിടങ്ങളിലും പൊളിഞ്ഞാണ് വേലിയുടെ കിടപ്പ്. മലയുടെ ചെരുവില്‍ ഒരു പാറയയുടെ അടിയിലായാണ് ഹട്ട്. ഇവിടെ നിന്നും താഴേക്കു നോക്കിയാൽ വിശാലമായ വനത്തിന്‍റെ മനോഹരമായ കാഴ്ച്ചകാണാം. മലകള്‍ അതിരുതീര്‍ത്ത വിശാലമായ തടാകം പോലെ അതങ്ങനെ പരന്നു കിടക്കുന്നു. ഇടതൂർന്ന വനമല്ലാത്തതിനാൽ വന്യമൃഗങ്ങളെ വളരെ വേഗം കാണുവാൻ കഴിയും.

പൊന്മാന്‍

ആനകളും കാട്ടുപോത്തുകളും അനവധി മേഞ്ഞുനടക്കുന്നു. മസിനഗുഡി പോലെ വന്യമൃഗങ്ങളെ ധാരാളമായി ഇവിടെ കാണുവാന്‍ പറ്റും. കൂടെയുള്ളവര്‍ ഭക്ഷണം പാകം ചെയ്യുവാനായി തൊട്ടടുത്തുള്ള മറ്റൊരു ഹട്ടിലേക്ക് പോയി. ഞാന്‍ ഹട്ടിന്‍റെ മുറ്റത്ത് കസേര ഇട്ട് അതില്‍ ചാരിഇരുന്ന് പ്രകൃതിയെന്ന വിശാലമായ ക്യാന്‍വാസിനെ നോക്കി അങ്ങനെ കിടന്നു. സൂര്യന്‍ താഴുന്നതനുസരിച്ചു ക്യാന്‍വാസ് മങ്ങിമങ്ങി വന്നു. എന്തൊക്കെയോ ഗർജനങ്ങള്‍ പല ദിക്കില്‍നിന്നും കേട്ടുതുടങ്ങി. പക്ഷികൾ വിവിധ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു, ആ കാടിന്‍റെ സംഗീതം കേട്ട് കാട്ടിൽ വന്യമൃഗങ്ങൾക്ക് നടുവിൽ ഒരു രാത്രി ഇത് അനുഭവിച്ചു തന്നെ അറിയണം. വാച്ചര്‍മ്മാര്‍ കമ്പുകള്‍ കൂട്ടി തീയിട്ടു അതിന് ചുറ്റുമിരുന്ന് അവരുടെ കഥകള്‍ കേട്ടുകൊണ്ട് അവരുണ്ടാക്കിയ ഭക്ഷണവും കഴിച്ചങ്ങനെ ഇരുന്നു. കുറച്ചു നേരം കൂടി കഴിഞ്ഞ് ഉറങ്ങുവാന്‍ പോയി ഹട്ടിലെ മുളംതണ്ടിനാല്‍ തീര്‍ത്ത കട്ടിലില്‍ കിടക്ക വിരിച്ചിട്ടിരിക്കുന്നു.

വശ്യപ്പാറയിലെ ഉദയം

വന്യമൃഗങ്ങളുടെ ശബ്ദഘോഷങ്ങള്‍ക്ക് അകമ്പടിയായി രാക്കിളികളുടെയും, ചീവീടുകളുടെയും മത്സരിച്ചുള്ള സംഗീതവും കൂടിയായപ്പോള്‍ കിടന്നുറങ്ങാന്‍ എന്തു സുഖം. ഉറങ്ങിയത് എപ്പോളെന്ന് അറിയില്ല അലാറം കേട്ടാണ് ഉണര്‍ന്നത്. എഴുന്നേറ്റ് ഹട്ടിനു മുന്നിലെ കസേരയില്‍ ഇരിപ്പായി. വനത്തിന് അതിരു തീര്‍ക്കുന്ന മലമടക്കുകളില്‍ നിന്നും ഉയരുന്ന ആദ്യകിരണങ്ങളില്‍ മുങ്ങുക അതാണ്‌ ഉദ്യേശം. ചുളുച്ചുളെ അടിക്കുന്ന കാറ്റുമേറ്റുള്ള ആ ഇരുപ്പുണ്ടല്ലോ അത് ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല. പതുക്കെ പതുക്കെ സൂര്യകിരങ്ങള്‍ കുന്നുകള്‍ക്കിടവഴി ഇടംകണ്ണിട്ടു നോക്കാന്‍ തുടങ്ങി, ഇവിടെ ഈ കാട്ടില്‍ ഉദയകിരണങ്ങള്‍ തട്ടിയുണ്ടാവുന്ന ഭംഗി വിവരിക്കുവാന്‍ വാക്കുകളില്ല, കൂടെ കാട്ടുപക്ഷികളുടെ കച്ചേരിയും. പുലര്‍കാല വനഭംഗി ആവോളം നുകര്‍ന്ന് ഒരു ചൂടു കട്ടന്‍കാപ്പി കുടിയും കൂടി ആയപ്പോള്‍ ശരിക്കും ഒരു സ്വര്‍ഗ്ഗീയഅനുഭവമായി. 10 മണിക്ക് ഇറങ്ങിയാല്‍ മതി പക്ഷേ ഞാന്‍ അതിരാവിലെ തന്നെ പോകാമെന്ന് പറഞ്ഞുഗൈഡിനും സന്തോഷം നേരത്തെ തിരിച്ചു ചെല്ലാമല്ലോ. കുറച്ചു കഴിഞ്ഞു ഹട്ടിനോടു വിടപറഞ്ഞു. അതിരാവിലെ ഉള്ള വനനടത്തം അതും ഒരനുഭവമായി. പാമ്പയാറിന്‍ തീരത്തെത്തി നല്ല തെളിഞ്ഞ വെള്ളം ഉരുളന്‍ കല്ലുകളില്‍ തട്ടി പൊട്ടിച്ചിരിക്കുന്നു. പുഴയില്‍ ചാടിമറിഞ്ഞ് വിസ്തരിച്ച് ഒരുകുളിയും കഴിഞ്ഞ് ചെക്പോസ്റ്റില്‍ ചെന്ന് കൂടെവന്നവരോടു യാത്ര ചൊല്ലിയപ്പോള്‍ ഒരു ചെറിയ വിഷമം ഒരുദിവസത്തെ പരിചയമേഉള്ളൂ എങ്കിലും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു ഇനിയും കാണാം എന്നുപറഞ്ഞ് ചിന്നാറിനോടു വിടവാങ്ങി.





What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

Leave a reply

More in:Malayalam