Malayalam

പ്രകൃതിയെന്നഅമ്മയിലേക്ക് – ഭാഗം – 3.

അഗസ്ത്യാര്‍ കൂടം
അഗസ്ത്യാര്‍ കൂടം
Spread the love

പ്രഭാതകിരണങ്ങളില്‍ മുങ്ങി കുളിക്കുന്ന പ്രകൃതിയില്‍ അലിഞ്ഞ്, അതില്‍ ലയിച്ച്, മയങ്ങി ഒരു തരം ഉന്മാദ ലഹരിയില്‍ സ്വയം മറന്നുള്ള യാത്രയാണ് അഗസ്ത്യാര്‍ യാത്ര. യാത്രയിലെ ഇടത്താവളം എന്നു വേണമെങ്കില്‍ പറയാവുന്ന പൊങ്കാല പാറയില്‍ എത്തിയത് വരെയാണ് കഴിഞ്ഞ ഭാഗത്ത് വിവരിച്ചത്. ഈ പാറയില്‍ ഒരു ചെറിയ ജലാശയമുണ്ട്, അതിനരികില്‍ ഇരുന്ന് ബിസ്കറ്റും വെള്ളവും അകത്താക്കി. ഞങ്ങള്‍ ബിസ്കറ്റ് കഴിക്കുന്നത് കണ്ട് കൂടെയുള്ളവര്‍ അവരുടെ കയ്യില്‍നിന്നും ചപ്പാത്തിയും ഉള്ളിയും തന്നു. അവരുടെ ആത്മാര്‍ത്ഥമായ സത്കാരവും സ്വീകരിച്ച് വീണ്ടും നടത്തം. മലകയറ്റം വിഷമകരമെങ്കിലും, തണുത്ത പ്രഭാതവും, ഇളംവെയിലും, ഓര്‍ക്കാപ്പുറത്ത് വന്നു പൊതിയുന്ന കോടമഞ്ഞും എല്ലാം കൊണ്ടും ത്രില്ലടിക്കുന്ന മലകയറ്റം. ചെറുമരകാടുകളും, മറുവശത്ത് ചെങ്കുത്തായ ചെരുവുകളും, വീശിഅടിക്കുന്ന കാറ്റും എല്ലാം ആസ്വദിച്ച് പതുക്കെപ്പതുക്കെ മലമുകളിലേക്ക്. കാടുകടന്നു എത്തിയത് വലിയ ചെങ്കുത്തായ പാറയുടെ മുന്നില്‍. കണ്ടപ്പോള്‍തന്നെ ഒന്ന് ഞെട്ടി.

മലകയറ്റം

അടുത്തു ചെന്നപ്പോള്‍ പാറയില്‍ കയറുവാന്‍ വടം കെട്ടിയിട്ടിരിക്കുന്നു. ചെങ്കുത്തായ പാറയും കൂടെ പാറയിലെ വഴുക്കലും, ശരിക്കും കൈകളുടെ ബലത്തില്‍ മാത്രമേ കയറുവാന്‍ സാധിക്കുകയുള്ളൂ. കാല് ഉറപ്പിച്ചു ചവിട്ടുവാന്‍ കഴിയില്ല തെന്നിപോകും. കൈആഴഞ്ഞുപോയാല്‍ പിന്നെ ഒന്നും നോക്കണ്ട കാട്ടിലെ ഏതെങ്കിലും മൃഗങ്ങള്‍ക്ക് ഭക്ഷണമാകുകയെ തരമുള്ളൂ. കൂടെയുള്ളവരില്‍ ചിലര്‍ തിരിച്ചു പോയാലോ എന്നുള്ള ആലോചനയിലായി. ഒന്നുരണ്ടുപേര്‍ എനിക്കിപ്പോള്‍ തന്നെ വീട്ടില്‍ പോകണമെന്ന് പറയുന്നുണ്ടായിരുന്നു. തമാശക്ക് പറഞ്ഞതാണെങ്കിലും അവരുടെ മുഖം കണ്ടപ്പോള്‍ പകുതി കാര്യമായിട്ടാണ് പറഞ്ഞതെന്നാണ് എനിക്ക് തോന്നിയത്. സകല ഈശ്യരന്മാരെയും ഉറക്കെ വിളിച്ച് വടത്തില്‍ പിടിച്ച് ഒറ്റകയറ്റമാണ് ഇടക്ക് നിന്നു പോയാല്‍ ഞാന്‍ തഴെവീഴുമെന്ന് ഉറപ്പ്. മുകളില്‍ ചെന്നാണ് ശ്യാസംവിട്ടത്. മുകളില്‍ ചെന്നതും മലര്‍ന്നടിച്ച് കിടന്നതും ഒരു ചെറിയ ഓര്‍മ്മയുണ്ട്. ഞാന്‍ മുകളില്‍ വന്നു എന്ന് വിശ്യസിക്കാന്‍ കുറച്ചു സമയമെടുത്തു. പതിയെ എഴുന്നേറ്റിരുന്ന് കുറച്ചു വെള്ളം കുടിച്ചു. എല്ലാം ശരിയായി ചുറ്റും നോക്കി അതിമനോഹരമായ കാഴ്ച്ചകളാണ് ചുറ്റും.

മനോഹരമായ അഗസ്ത്യാര്‍ കാഴ്ച

ഈ കാഴ്ച്ചയില്‍ ഇതുവരെയുള്ള കാര്യങ്ങള്‍ എല്ലാം മറന്നു. ഇവിടെ ഇരുന്ന് തന്നെ ക്യാമറ എടുത്ത് കുറച്ചു പടങ്ങള്‍ എടുത്തു. പ്രകൃതിരമണീയമായ കാഴ്കളാണ് ചുറ്റിലും. വീണ്ടും മുകളിലേക്ക്. നിറയെ മരങ്ങള്‍ തിങ്ങിനിറഞ്ഞ കാട് കടന്നെത്തിയത് മറ്റൊരു ചെങ്കുത്തായ പാറയുടെ അടിയില്‍. അതിലും വടങ്ങള്‍ കെട്ടിഇട്ടിരിക്കുന്നു. ഇതിനൊരവസ്സാനമില്ലേ, മുമ്പത്തെ അത്ര പേടി തോന്നിയില്ലെങ്കിലും, ഈ പാറകെട്ടും ഒറ്റശ്യാസത്തില്‍ കയറി തീര്‍ത്തു. ശ്യാസംവിട്ട് നോക്കിയപ്പോള്‍ വിശ്യസ്സിക്കാന്‍ കഴിഞ്ഞില്ല ഞാന്‍ അഗസ്ത്യാര്‍ മലയുടെ നിറുകയില്‍ എത്തിയിരിക്കുന്നു. ഇത് വിശ്യസ്സിക്കാന്‍ കുറച്ചു സമയമെടുത്തു. കുറച്ചുമാറി ചന്ദനതിരികളുടെയും, മന്ത്രധ്വനികളുടെയും നടുവില്‍ ചെറുപുഞ്ചിരിയാല്‍ അഗസ്ത്യമുനി. അവിടെ ആദിവാസി പുരോഹിതര്‍ ഭക്ത്ര്‍ക്കായി പൂജകള്‍ നടത്തുന്നു. പതിയെ അങ്ങോട്ട്‌ ചെന്ന് അഗസ്ത്യമുനിയെ വണങ്ങി അവിടുത്തെ പൂജാരീതികള്‍ നോക്കി കുറച്ചു സമയം നിന്നു. തമിഴ്നാട്ടുകാരാണ് കൂടുതലും പൂജകള്‍ നടത്തിക്കുന്നത്. മുനിയെ ഒന്നുകൂടി വണങ്ങി പതുക്കെ അവിടെനിന്നും പിന്‍വാങ്ങി ചുറ്റുമുള്ള പ്രകൃതി കാഴ്കളിലേക്കിറങ്ങി.

അഗസ്ത്യമുനിശില്പം

മനോഹരമായ കാഴ്ച്ചകളാണ് ചുറ്റിലും. ഒരുവശത്ത്‌ കേരളത്തിലെ നെയ്യാര്‍ ഡാമിന്റെയും, പേപ്പാറ ഡാമിന്റെയും മനം മയക്കുന്ന വിദൂര കാഴ്ച്ചയും, മറുവശത്ത് കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളിലെ കാഴ്ചകളും. ചുറ്റും താഴേക്ക് നോക്കിയാല്‍ കൊടും കാടുകള്‍ പച്ചകമ്പളം വിരിച്ചപോലെ നയനാനന്ദകരമായി പരന്നു കിടക്കുന്നു. ദൂരേ പച്ചകമ്പളത്തിനു അതിരു തീര്‍ക്കുന്നതാകട്ടെ മാമലകളും, മേഘകീറുകളും. ഒരു ഭാഗത്ത് അഞ്ചുമലകള്‍ മുട്ടിയുരുമി നില്‍ക്കുന്നു. ഇതില്‍ ഓടിവന്ന് ഉമ്മവയ്ച് ഓടിപോകുന്ന മേഘകീറുകളും, ഇടക്കിടെ ഇവയെ പൊതിയുന്ന കൊടമഞ്ഞുകളും കാഴ്ചകളുടെ പൂരമൊരുക്കുന്നു. നടന്നുവന്ന ക്ഷീണവും, പാറകള്‍ ഓടികേറിയ പേടിയും പാടെ മറക്കുന്ന കാഴ്ച്ചകളാണി തെല്ലാം. ഈ പുണ്ണ്യഭൂമിയില്‍ പ്രക്രിതിയൊരുക്കുന്ന മയാകഴ്ചകള്‍ കണ്ടിട്ടും, കണ്ടിട്ടും മതിയാകാതെ മനസ്സില്ലാമനസ്സോടെ തിരിച്ച് മലയിറക്കം ;;; കയറിവന്നതിന്‍റെ അത്ര ബുദ്ധിമുട്ടില്ലെങ്കിലും ഇരുന്നും, നിരങ്ങിയും, പാറകൂട്ടങ്ങള്‍ താണ്ടിയും പൊങ്കാല പാറയില്‍ എത്തി. പാറയിലെ ചെറുജലാശയത്തില്‍ സുഖമായൊന്ന് കുളിച്ച് ഉന്മേഷം വീണ്ടെടുത്ത് ബേസ്ക്യാമ്പിനെ ലക്ഷ്യമാക്കി ഇറക്കം തുടങ്ങി.

മലമുകളിലെ അനുഗ്രഹം

ബേസ്ക്യാമ്പിലെത്തി ക്യാന്റീന്‍ കണ്ടപ്പോളാണ് ഭക്ഷണം കഴിച്ചില്ല എന്നോര്‍ത്തത്. വയറുനിറച്ച് കഞ്ഞി കുടിച്ച് ബാഗുകള്‍ ഒന്നുകൂടി വരിഞ്ഞുകെട്ടി വന്ന വഴി മടക്കയാത്ര. ബേസ്ക്യാമ്പില്‍ രണ്ടു മണിക്കുള്ളില്‍ വന്നാല്‍ മാത്രമേ തിരിച്ചു പോകുവാന്‍ അനുവദിക്കുകയുള്ളൂ. ബേസ്ക്യാമ്പില്‍ രണ്ടു മണികഴിഞ്ഞാണ് വരുന്നതെങ്കില്‍ അന്നുകൂടി അവിടെതങ്ങി പിറ്റേന്നു രാവിലെ പോകുവാനെ അനുവദിക്കൂ. ശരിക്കും അതാണ്‌ വേണ്ടത്. ജീവിത തിരക്കുകളിലെ സമയകുറവുമൂലം വേണം എന്ന് ആഗ്രഹ മുണ്ടെങ്കിലും സാധിക്കില്ല അതാണ്‌ സത്യം. ബേസ്ക്യാമ്പില്‍നിന്നും വന്ന വഴികളിലൂടെ, കാട്ടുവള്ളി ഊഞ്ഞാലുകളെയും, വന്‍മരകൂട്ടങ്ങളെയും പിന്നിട്ട്, ഉരുളന്‍കല്ലുകള്‍ ചാടികടന്ന്, അരുവികളുടെ കളകളാരവങ്ങള്‍ കേട്ട്, കാട്ടുപൂക്കളുടെ തലോടലേറ്റ്, കാട്ടുപക്ഷികളുടെ കൂടെ പാട്ടുപാടിയും, ബോണേക്കാടെത്തിയതറിഞ്ഞില്ല. കണ്ടുമതിയാകാത്ത കാടിന്റെ വശ്യസൗന്ദര്യം, അത് നേരില്‍ക്കണ്ടറിഞ്ഞ നിമിഷങ്ങള്‍, രണ്ടു ദിവസം കാടിനുള്ളില്‍ പ്രക്രതിയെ അറിഞ്ഞ് കാട്ടുചെടികളെ തലോടിയും, പറവകളോടു കുശലം പറഞ്ഞും, കാട്ടരുവികളെ പ്രണയിച്ചും, മനസ്സും, ശരീരവും നിര്‍മ്മലമാക്കിയ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു യാത്ര. ഇനിയും വരുമെന്ന് ഉറക്കെ, ഉറക്കെ പറഞ്ഞുകൊണ്ട് ജീവിതമെന്ന കാടിനുള്ളിലേക്ക് യാത്ര തുടങ്ങി. ;;;;;;

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...

Leave a reply

More in:Malayalam