Malayalam

പ്രകൃതിയെന്നഅമ്മയിലേക്ക് – ഭാഗം – 1.

അഗസ്ത്യാര്‍ കൂടം
അഗസ്ത്യാര്‍ കൂടം
Spread the love

ഒരു യാത്ര സഫലമായി എന്നു തോന്നണമെങ്കില്‍ മാനസ്സികമായും, ശാരീര്യമായും ഉണര്‍വ്വുണ്ടാകണം. അല്ലെങ്കില്‍ കാണേണ്ട കാര്യങ്ങള്‍ തടസ്സമില്ലാതെ കാണുവാനും, അറിയുവാനും കഴിയണം. ഇതെല്ലാം കിട്ടുന്ന യാത്രയാണ് ഇത്തവണത്തേത്. ജീവിത തിരക്കുകളില്‍നിന്നും മഴക്കാടുകളിലെ ഹരിതാഭമായ കാഴ്ചകളിലേക്കും, അനുഭവങ്ങളിലേക്കും ഉള്ള യാത്ര. ഇത് ഒരു തരത്തില്‍ തീര്‍ത്ഥയാത്രയാണ്. തീര്‍ത്ഥയാത്രകള്‍ എന്നാല്‍ മനുഷ്യന്‍റെ അഹം ഇല്ലാതാക്കലാണല്ലോ. മനസ്സും ശരീരവും ശുദ്ധമാക്കുക അതാണ്‌ തീര്‍ത്ഥയാത്രകള്‍ നല്‍കുന്നത്. ഇതും അങ്ങനെയുള്ള യാത്രയാണ് അഗസ്ത്യാര്‍കൂടയാത്ര.

ട്രക്കിംഗ് കവാടം

കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയുടെയും, തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയുടെയും അതിര്‍ത്തിയില്‍ കിടക്കുന്ന പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ അഗസ്ത്യമല ജൈവസംരക്ഷണ മേഖലയിലുള്ള കൊടുമുടിയാണ് അഗസ്ത്യാര്‍ കൂടം അഥവാ അഗസ്ത്യമല. ഹിന്ദുപുരാണത്തിലെ അഗസ്ത്യമുനി ഭക്തര്‍ക്ക് ഇതൊരു തീര്‍ഥാടന സ്ഥലമാണ്. പ്രകൃതിസ്നേഹികള്‍ക്ക് കാടിനെ അടുത്തറിയാനുള്ള സ്ഥലവും. മറ്റുചിലര്‍ക്കാകട്ടെ ട്രക്കിംഗ് യാത്ര സ്ഥലം. എന്തായാലും ഇതെല്ലാം കിട്ടുന്നൊരു യാത്രയാണ് അഗസ്ത്യാര്‍കൂട യാത്ര. അഗസ്ത്യാര്‍കൂടം രണ്ടുതവണയും ടിക്കറ്റുകിട്ടാതെ വന്നപ്പോള്‍ ഫോറസ്റ്റില്‍ ജോലിയുള്ള സുഹൃത്തിനെ കൂട്ടുപിടിച്ച് രണ്ട് ടിക്കറ്റ് സമ്പാതിച്ചു. അങ്ങനെ ഞാനും സുഹൃത്തും അഗസ്ത്യാര്‍കൂടത്തിലേക്ക്. അഗസ്ത്യാര്‍ യാത്ര തുടങ്ങുന്നത് ബോണക്കാടാണ്. ഇന്നും പുറംലോകവുമായി അധികം ബന്ധമില്ലാത്ത ബോണക്കാട്ടില്‍ താമസ സൗകര്യങ്ങളില്ലാത്തതിനാല്‍ വിതുരയില്‍ താമസ്സിച്ച് അതിരാവിലെയാണ് ബോണക്കാട്ടേക്കു പോയത്.

ട്രക്കിംഗ് വഴി

ചെക്ക്പോസ്റ്റില്‍ നിന്നും കുറച്ചു ദൂരം പോകണം അഗസ്ത്യാര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് ( ടിക്കറ്റ് സ്റ്റേഷന്‍ ). പോകുന്നവഴിയില്‍ വര്‍ഷങ്ങള്‍ മുമ്പ് ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചു പോയ തേയില ഫാക്റ്ററി പുലര്‍കാലഇരുണ്ട വെളിച്ചത്തില്‍ ഡ്രാക്കുള കോട്ട പോലെതോന്നിച്ചു. ഫാക്റ്ററി കടന്ന് കുറച്ചു ചെന്നപ്പോള്‍ അഗസ്ത്യാര്‍ ഔഷധ സസ്യസംരക്ഷണ മേഖല എന്നെഴുതിയ വലിയ പച്ച ബോര്‍ഡുകണ്ടു. അതിനടുത്തു മറ്റൊരു ബോര്‍ഡില്‍ ട്രക്കിംഗ് യാത്രക്കാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ എഴുതിയിരിക്കുന്നു. വളരെ നേരത്തേ ചെന്നതിനാലാകും ഞങ്ങള്‍ രണ്ടുപേര്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നുള്ളൂ. ഓഫീസ്‌ തുറന്നിരുന്നില്ല. അവിടെയുള്ള ക്യാന്റീനില്‍നിന്നും ചൂടു കട്ടന്‍ കുടിച്ച് സ്യര്‍ഗ്ഗതുല്ല്യമായ പുലര്‍കാല കാടിനെ നോക്കി അങ്ങനെ നിന്നു. കുറച്ചുകഴിഞ്ഞ് ഒരു ഗാഡും ഓഫീസറും വന്നു. സുഹൃത്തിനു പരിചയമുള്ള ഗാഡാണ്. ഓഫീസ് തുറന്ന് കുറച്ചുകഴിഞ്ഞപ്പോളേക്കും യാത്രക്കാര്‍ ഒറ്റക്കും, കൂട്ടമായും വന്നു തുടങ്ങി. പലനാട്ടുകാര്‍, പലവേഷക്കാര്‍. ചിലര്‍ ഭക്തിയില്‍ തീര്‍ത്ഥാടന യാത്രക്കായി വരുന്നവര്‍. ചിലര്‍ ട്രക്കിംഗ് ത്രല്ലടിക്കാന്‍ വരുന്നവര്‍. അങ്ങനെ പോകുന്നു വ്യത്യസ്ത യാത്രാകൂട്ടുകാര്‍.

കാട്ടരുവി

ക്യാന്‍റീനില്‍ നിന്നും ഉച്ചക്കുള്ള ഭക്ഷണം പൊതിഞ്ഞു വാങ്ങി. ആദ്യം വന്ന ഞങ്ങള്‍ ഉള്‍പ്പെടെ ഉള്ള കുറെപേരുടെ ടിക്കറ്റുകള്‍ നോക്കി മാറ്റിനിര്‍ത്തി. കാട് എന്നത് എന്താണ് എന്നതിനെക്കുറിച്ചും, കാട്ടില്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചും ഒരു ചെറിയ ക്ലാസ്സ് ഓഫീസര്‍ എടുത്തു. തുടര്‍ന്ന് ഞങ്ങളുടെ ബാഗുകള്‍ പരിശോധിച്ച് കാട് എന്ന അമ്മയുടെ മടിത്തട്ടിലേക്ക്കടന്നു. തുടക്കത്തില്‍ നല്ല വഴിയാണ്. ആയാസ്സരഹിതമായ നടത്തം. ഒരു സംഘത്തിന് കൂട്ടായി ഒരു ഗൈഡ് കൂടെ ഉണ്ടാവും. അഗസ്ത്യാര്‍ കാടുകളിലെ ആദിവാസികളാണ് ഗൈഡുകള്‍. ഞാനും സുഹൃത്തും സംഘത്തില്‍നിന്നും അല്പം മാറിയാണ് നടക്കുന്നത്. ബഹളങ്ങള്‍ ഇല്ലെങ്കിലെ കാടിനെ കാണുവാന്‍, അറിയുവാന്‍, അനുഭവിക്കുവാന്‍ കഴിയുകയുള്ളൂ. കുറച്ചു ചെന്നപ്പോള്‍ വഴിയുടെ വീതി കുറഞ്ഞ് കഷ്ടിച്ച് ഒരാള്‍ക്ക്‌ പോകാവുന്ന തരത്തിലായി. അതിശയകാഴ്ചകളാണ് ചുറ്റും. വര്‍ഷങ്ങള്‍ പഴക്കമുള്ള വലിയ മരങ്ങളുടെ വികൃതരൂപങ്ങളും, പെരുമ്പാമ്പിനെപോലുള്ള വലിയ വേരുകള്‍ ചുറ്റി വളഞ്ഞ് ഉണ്ടാകുന്ന ഊഞ്ഞാലുകളും, ഇവക്കിടയില്‍കൂടി നമ്മേ നോക്കി ചിരിക്കുന്ന മനോഹരമായ കാട്ടുപൂക്കളും, പക്ഷികളുടെയും ചീവീടുകളുടെയും മത്സരിച്ചുള്ള സംഗീത കച്ചേരികൂടിയാകുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു പ്രത്യേക അവസ്ഥയിലായി നടത്തം.

വനയാത്ര കാഴ്ച്ച

കാടിന്റെ ചില ഭാഗങ്ങള്‍ സൂര്യകിരങ്ങള്‍ തീരെ പതിക്കാതെ ഇരുട്ടുമൂടി കിടക്കുന്നു. വീണ്ടും മുന്നോട്ട് കുറച്ചു ചെന്നപ്പോള്‍ വറ്റിത്തുടങ്ങിയ ഒരു നീര്‍ചാലു കണ്ടു. കമിഴ്ന്നു കിടന്ന് കൈകളാല്‍ വെള്ളം എടുത്തു കുടിച്ചു. എന്തു സ്വാദാണന്നോ വെള്ളത്തിന് ആവോളം വെള്ളംകുടിച്ച് മുഖവും കഴുകിയപ്പോള്‍ അമ്മയുടെ തലോടലിന്റെ സുഖം. ഈ ട്രക്കിംഗ് വഴിയില്‍ മൂന്ന് നദികള്‍ തരണം ചെയ്യണം. കരമണയാര്‍, വാഴപ്പന്തിയാര്‍, ആട്ടിയാര്‍. ഇടക്കിടക്ക് ചെറിയ ക്യാമ്പുകള്‍ ഉണ്ട് യാത്രികരുടെ അത്യാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ക്യാമ്പുകളാണ്. ഫസ്റ്റ്എയിഡ്ഡ്, വയര്‍ലസ്സെറ്റ് തുടങ്ങിയ സംവിധാനങ്ങലാണിവിടെ. ഒരു ചെറിയ നദിയില്‍ നിന്നും വെള്ളംകുടിച്ച് കുറച്ചു വിശ്രമിച്ചു. ഇവിടെ ഒരു ക്യാമ്പ് ഉണ്ട് കരമനയാര്‍ ക്യാമ്പാണിത്. കുറച്ചുകൂടി മുന്നോട്ട് പോയാല്‍ ഒരു ചെറിയ വെള്ളച്ചാട്ടവും, ക്യാമ്പുമുണ്ട് വാഴപതിയാര്‍ ക്യാമ്പാണിത്. ചെറുതെങ്കിലും മനോഹരമായൊരു വെള്ളച്ചാട്ടമാണിത്. പിന്നെയും മുന്നോട്ട് ഒരു നദിയും അട്ടയാര്‍ ക്യാമ്പും. ഇതുകഴിഞ്ഞാല്‍പ്പിന്നെ മൊട്ടകുന്നുകളാണ് അവിടവിടെ തല ഉയര്‍ത്തി നില്‍ക്കുന്ന ചില മരങ്ങള്‍ ഉണ്ട് ബാക്കി മുഴുവന്‍ കുറ്റിചെടികളും, പുല്ലുകളും മാത്രം. ഈ മോട്ടകുന്നിലാണ് വെയിലിന്‍റെ കാഠിന്യം അറിഞ്ഞത്. ഈ പുല്‍മേട് ഏകദേശം 2 k,m ഉണ്ട്. കുറച്ചാളുകള്‍ എതിരെ വരുന്നു, അഗസ്ത്യാര്‍ ട്രക്കിംഗ് കഴിഞ്ഞ് വരുന്നവരാണിവര്‍. അവര്‍ നന്നേ ക്ഷീണിതരാണെങ്കിലും, എല്ലാവരും സന്തോഷവാന്മാരും, സംതൃപ്തരുമാണ് എന്ന് അവരുടെ മറുപടിയില്‍ നിന്നും മനസ്സിലായി. പുറംലോക ബന്ധമില്ലാത്തതിനാല്‍ കൂടെയുള്ളവരും, തിരിച്ചുവരുന്നവരും നിസ്സാര സമയം കൊണ്ട് ഒരു ഹൃദയബന്ധം സ്ഥപിക്കപ്പെടുന്നു. ഇതാണ് ഇങ്ങനെ ഉള്ള യാത്രകളുടെ ഗുണം. ആധുനികതയുടെ അല്ലെങ്കില്‍ പുതിയ സംസ്കാരത്തിന്‍റെ കടന്നു കയറ്റത്തില്‍ മിക്കവരും തൊട്ടടുത്ത അയല്‍ക്കാരെ പോലും അറിയാറില്ല. പല ദേശക്കാര്‍, പല ഭാഷക്കാര്‍ പ്രകൃതിതിയുടെ മടിയില്‍ എല്ലാവരും സഹോദരങ്ങള്‍.

പുല്‍മേട്

പുല്‍മേട് താണ്ടി ചെന്നാല്‍ മുന്നില്‍ അഗസ്ത്യമലയുടെ മനോഹരദൃശ്യവും, പിന്നില്‍ പേപ്പാറ ഡാമിന്‍റെ ദൂരകാഴ്ചയും ഒന്നിച്ചുള്ള കാഴ്ച്ചവിസ്മയം. ഇവിടം കഴിഞ്ഞാല്‍പ്പിന്നെ അതിരുമലയുടെ പ്രശാന്തസുന്ദരമായ താഴ്വാരമായി. ഉരുളന്‍ കല്ലുകളില്‍ കൂടിയുള്ള നടത്തം കഠിനം തന്നെ. ചില സ്ഥലങ്ങളില്‍ മുട്ടുകാല്‍ മുഖത്തുമുട്ടുന്ന തരത്തിലുള്ള കുത്തുകയറ്റങ്ങളും. കാടിനുള്ളില്‍ ചില വലിയ മരച്ചുവടുകളില്‍ ശിലാരൂപങ്ങള്‍ വച്ചുള്ള ആരാധന സ്ഥലങ്ങള്‍ കണ്ടു. ശരിക്കും പ്രകൃതിയോടിണങ്ങിയ ആരാധന സ്ഥലങ്ങള്‍, പ്രകൃതിയെ തന്നെയല്ലേ ഇവര്‍ ആരാധിക്കുന്നത്. നമ്മുടെ പൂര്‍വ്വികരുടെ വിശ്യാസം, ആരാധനകള്‍ എല്ലാം മണ്ണിനോടും, മരങ്ങളോടും ബന്ധപെട്ടയിരുന്നില്ലേ.. ഈ ആരാധനകള്‍ല്ലെ ശരി. ഇന്നത്തെ വിഗ്രഹാരാധനകളും, വിശ്യാസങ്ങളും കുറച്ചു പേരുടെ മാത്രം അവകാശങ്ങളും, നേട്ടങ്ങള്‍ക്കും വേണ്ടിയുള്ളതയിട്ടാണ് എന്നാണ് എനിക്ക് തോന്നുന്നത്. അറിയാതെ ഇവിടെ കൈകൂപ്പി. ഇവിടെ എന്തും പ്രാര്‍ത്ഥിക്കാം ഒരു പ്രത്യേക ദൈവങ്ങളില്ലാത്ത ആരാധന സ്ഥലങ്ങള്‍….. ബാക്കിവിശേഷങ്ങള്‍ അടുത്ത ഭാഗത്ത്.

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...

Leave a reply

More in:Malayalam