Malayalam

പ്രകൃതിയെന്നഅമ്മയിലേക്ക് – ഭാഗം – 2.

അഗസ്ത്യാര്‍കൂടം
അഗസ്ത്യാര്‍കൂടം
Spread the love

പ്രകൃതിരമണീയതയില്‍ കുളിച്ചും, കാറ്റിന്‍റെ സംഗീതം കേട്ടും, കാട്ടുദൈവങ്ങളെ വണങ്ങിയും അഗസ്ത്യാര്‍ യാത്ര.. ഈയാത്ര വിവരിച്ചാല്‍ മനസ്സിലാവില്ല അനുഭവിച്ചു തന്നെ അറിയണം. മലദൈവങ്ങളെ വണങ്ങിയാണ് കഴിഞ്ഞ ഭാഗവിവരണം അവസാനിപ്പിച്ചത്. കാടിന്റെ മനം മയക്കുന്ന കാഴ്ച്ചകള്‍ കണ്ടും, അനുഭവിച്ചും മുന്നോട്ടുള്ള യാത്ര ചെന്നെത്തിയത് വലിയമരച്ചുവട്ടിലെ ആരാധനാ സ്ഥലത്താണ്. ഇവിടെ വഴി രണ്ടായി തിരിയുന്നു. ഒരു വഴി അഗസ്ത്യാര്‍ മലയിലേക്കും, ഒരു വഴി അതിരുമല ബേസ്ക്യാമ്പിലേക്കും ഉള്ള വഴികളാണ്. നാളെ രാവിലെ പോകേണ്ട വഴിയിലേക്ക് കണ്ണോടിച്ച് ബേസ്ക്യാമ്പിലേക്കുള്ള വഴിയേ നടന്നു. ബേസ്ക്യാമ്പിനു ചുറ്റും വലിയ കിടങ്ങാണ് വന്യജീവിവികള്‍ കയറാതെ ആണിത്. ഒരു ചെറിയ ക്യാന്റീനും മുളംകാലിനാല്‍ തീര്‍ത്ത കുടിലുകളും, ഇത്രയുമാണ് ബേസ്ക്യാമ്പ്. ക്യാന്റീനുള്ളിലെ ചെറിയ മുറിയിലിരിക്കുന്ന ഗാഡിനെ നമ്മള്‍ ടിക്കറ്റ് കാണിക്കണം ഇവിടെ വന്നു എന്നതിന് തെളിവ്. ഇവിടുത്തെ ബുക്കില്‍ ടിക്കറ്റ് രേഖപ്പെടുത്തിയാല്‍ ഓരോ ആള്‍ക്കും ഒരു പായ്‌വീതം തരും. അതുമായി ഇഷ്ട്മുള്ള കുടിലില്‍ ഇടം പിടിക്കാം.

ബേസ്ക്യാമ്പ്

ക്യാന്റീനില്‍ നിന്നും ഒരു ചൂടു കട്ടന്‍ചായകഴിച്ച് പായുമായി കുടിലിലേക്ക് നടന്നു. കുടിലില്‍ കുറച്ചു ഭാഗം മുളംകാലിനാല്‍ കെട്ടി കട്ടില്പോലെ ഉയര്‍ത്തി കെട്ടിയിരിക്കുന്നു. ഒരുഭാഗത്ത് ബാഗ്‌ ഒതുക്കിവച്ച് പായ്‌നിവര്‍ത്തി കുറച്ചുനേരം നടുവ് നിവര്‍ത്തി കിടന്നു. അരമണിക്കൂര്‍ കിടന്ന് എഴുന്നേറ്റു കാടുകാണാന്‍ വന്നിട്ട് കിടന്നുറങ്ങി പോയാല്‍ നഷ്ടം എനിക്കാണ്. പുറത്തിറങ്ങി ക്യാമ്പിനു പുറകില്‍ കുറച്ചു ദൂരേ ഒരു കാട്ടരുവി ഒഴുകുന്നുണ്ട് അവിടെ പോയി കുളിച്ചു. അരുവിയില്‍ മുങ്ങിപൊങ്ങിയപ്പോള്‍ ക്ഷീണമെല്ലാം ഓടിമറഞ്ഞു. വീശിയടിക്കുന്ന കാറ്റും, ശരീരമാകെ തുളച്ചുകയറുന്ന തണുപ്പും, ചീവീടുകളുടെ സംഗീതവും കൂടിയായപ്പോള്‍ സ്വര്‍ഗ്ഗീയസുഖം. പോക്കുവെയിലില്‍ അഗസ്ത്യാര്‍മല കാടിന്റെ കിരീടം പോലെ ഉയര്‍ന്നു നില്‍ക്കുന്നു. രാക്കിളികള്‍ പാടുന്ന തണുത്ത ഇരുണ്ട രാത്രിയെ നോക്കി ക്യാമ്പിലെ ചൂടു കഞ്ഞി കുറച്ച്, കുറച്ചായി കുടിച്ചു കൊണ്ടുള്ള ആ ഇരിപ്പ് മാത്രം മതി ഈയാത്ര സഫലമാകാന്‍. ഇതിനിടക്ക് മിക്കവരെയും പരിചയപ്പെട്ട് വിശേഷങ്ങള്‍ കൈമാറിയിരുന്നു. ഇങ്ങനെയുള്ള യാത്രകളിലെ മറക്കാന്‍ പറ്റാത്ത നിമിഷങ്ങളാണിതെല്ലാം. പ്രകൃതിയെന്ന അമ്മയുടെ മടിത്തട്ടില്‍ അന്നുവരെ അറിയാത്തവരുമായി വിശേഷങ്ങള്‍ പറഞ്ഞും, സൗഹൃദം പങ്കുവച്ചും ഒരു രാത്രി ഇതൊരനുഭവമാണ് നമ്മള്‍ നമ്മേതന്നെഅറിയുന്ന നിമിഴങ്ങള്‍.

കാട്ടുദൈവങ്ങള്‍

എല്ലാവരും ഉറങ്ങുവാനുള്ള ഒരുക്കമായി. അതിരാവിലെ എഴുന്നേല്‍ക്കണ്ടതാണ്. എല്ലാവരും കിടന്നു കഴിഞ്ഞ് ഞാനും സുഹൃത്തും പുറത്തിറങ്ങി ചുളുച്ചുളെകുത്തുന്ന തണുത്ത കാറ്റില്‍ കാടിന്റെ രാത്രി ഗീതം കേട്ടുകൊണ്ട് അങ്ങനെ നിന്നു. ഇതൊരു അനുഭൂതിയാണ് ഇത് അനുഭവിച്ചു തന്നെ അറിയണം. കുറച്ച്ചുനേരം കൂടി അങ്ങനെ ഇരുന്നിട്ട് ഉറങ്ങുവാന്‍ കിടന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ കാറ്റിന്‍റെ അലര്‍ച്ച ഇടിമുഴക്കം പോലെയായി. ഉറങ്ങിയോ എന്നുചോദിച്ചാല്‍ ഉറങ്ങി, എന്നാല്‍ ഉറങ്ങിയില്ല അതാണ്‌ സത്യം. അലാറം കേട്ട് ഉണര്‍ന്ന് പ്രഭാതക്രിത്യങ്ങള്‍ കഴിഞ്ഞ് അഗസ്ത്യാര്‍ മലച്ചവിട്ടുവാനുള്ള ആവേശത്തില്‍ പെട്ടന്ന് തയ്യാറായി. ശരീരം വേദനിക്കുന്നുണ്ടോ എന്നു സംശയം. ഒട്ടും മടിച്ചില്ല വെറും വയിറ്റില്‍ ഒരു പാരാസറ്റമോള്‍ വിഴുങ്ങി. ക്യാന്റീനില്‍ ആളനക്കം തുടങ്ങിയിട്ടേ ഉള്ളൂ. അല്പസമയത്തിനകം ചൂടു കട്ടന്‍ കിട്ടി. തുളച്ചുകയറുന്ന തണുപ്പില്‍ ഈ കട്ടന്‍ചായയുടെ വില നമുക്ക് പ്രവചിക്കുവാന്‍ കഴിയില്ല. ട്രക്കിംങ്ങിനിടയില്‍ കഴിക്കുവാനുള്ള ഭക്ഷണ പൊതികിട്ടുവാന്‍ താമസമുണ്ട് എന്നറിഞ്ഞു. ഭക്ഷണപൊതിക്ക് നിന്നാല്‍ പുലര്‍കാല കാടിന്റെ ഭംഗി ആസ്വദിക്കുവാന്‍ കഴിയില്ല. ബാഗിലുള്ള ബിസ്കറ്റും വെള്ളവും മതിയെന്നുവച്ച് അഗസ്ത്യാര്‍മല ലക്ഷ്യമാക്കി നടന്നു.

പൊങ്കാലപാറ

തലേന്ന് മരച്ചുവട്ടില്‍ കണ്ട ദൈവത്തെ വണങ്ങി മുന്നോട്ട്. ഇന്നലെ വന്ന വഴികളെക്കാള്‍ ദുര്‍ഘടകമായ വഴികളാണു മുന്നില്‍. വഴിയരികില്‍ അഗസ്ത്യാര്‍ കാടുകളെ നമ്മള്‍ വളരെയധികം ശ്രദ്ധയോടെ പരിപാലിക്കണം എന്ന് ഓര്‍മ്മിപ്പിക്കുന്ന ബോര്‍ഡുകണ്ടു. ജൈവവൈവിധ്യത്തിന് യൂനസ്കോയില്‍ ഇടം പിടിച്ച സ്ഥലമാണ് അഗസ്ത്യാര്‍കൂടം. കണക്കുകള്‍ പ്രകാരം രണ്ടായിരത്തിലധികം ഔഷധ സസ്സ്യങ്ങളുടെ കലവറയാണിവിടം. അറിയപ്പെടാത്ത ഔഷധ സസ്സ്യങ്ങള്‍ വേറെയും. ഇവിടുത്തെ ഔഷധ സസ്സ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ആരോഗ്യപച്ച. ഇത് ഇപ്പോളുള്ള ഉത്തേജക മരുന്നുകളുടെ പ്രക്രതിയുടെ പതിപ്പാണ്‌. ഞങ്ങള്‍ കുറെ നോക്കി നടന്നു ഇതൊന്നു കാണുവാന്‍ കണ്ടുകിട്ടിയില്ല. ഔഷധ സസ്സ്യങ്ങളുടെ തലോടലേറ്റ്, ഇവയെതഴുകിയെത്തുന്ന കാറ്റേറ്റ്, ഇവിടുത്തെ ജലം കുടിച്ച്, ഒരുദിവസം എങ്കിലും കഴിയുക എന്നത് മനസ്സിനും, ശരീരത്തിനും ഒരു മുതല്‍കൂട്ടുതന്നെയാണ്. ഉരുളന്‍ കല്ലുകളില്‍ ചാടിചാടി കൊടുംകാട്ടിലൂടെ ഉയരങ്ങളിലേക്ക്, കാലൊന്നു തെറ്റിയാല്‍ പാറകല്ലുകളില്‍ തലയടിക്കും ഉറപ്പ്. ദുഷ്‌കരമായ യാത്രക്കൊടുവില്‍ വിശാലമായ പാറകൂട്ടങ്ങളില്‍ എത്തി. ഇതാണ് പൊങ്കാലപാറ. വിശ്യാസികള്‍ ഇവിടെ പൊങ്കാലഇട്ട് അഗസ്ത്യാര്‍ മല ചവിട്ടുന്നു. ഇതിനാലാണ് ഈ പാറക്ക് പൊങ്കാലപാറ എന്ന് പേരു വരുവാന്‍ കാരണം. ആകാശത്തു തുള്ളി കളിക്കുന്ന മേഘകീറുകളെ നോക്കി കുറച്ചു നേരം അവിടെ മലര്‍ന്നു കിടന്നു.;;;;; ബാക്കി വിവരണം അടുത്ത ഭാഗത്ത്.

What is your reaction?

Excited
0
Happy
0
In Love
1
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...

Leave a reply

More in:Malayalam