Malayalam

കഴുകുമലൈയിലെ കല്താമാര

വെട്ടുവന്‍ കോവില്‍
വെട്ടുവന്‍ കോവില്‍
Spread the love

പ്രകൃതിയും ശില്‍പ്പികളും ചേര്‍ന്നൊരുക്കിയ കാഴ്ച വിസ്മയം കഴുകുമലൈ. തിരുനെല്‍വേലിയില്‍ നിന്നും ശങ്കരന്‍കോവില്‍ റൂട്ടില്‍ ഏകദേശം 66, k, m പോയാല്‍ കഴുകുമലൈആയി [ കോട്ടയം, പുനലൂര്‍, തെന്മല, തെങ്കാശി, തിരുനെല്‍വേലി, ശങ്കരന്‍കോവില്‍, കഴുകുമലൈ, ഇതാണ് റൂട്ട് ] വലിയ പാറകെട്ടുകളും, ഉരുളന്‍ കല്ലുകളും നിറഞ്ഞ പ്രദേശമാണ് കഴുകുമലൈ. എട്ടും ഒമ്പതും നൂറ്റാണ്ടുകള്‍ക്കിടയില്‍ നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന വെട്ടുവന്‍ കോവിലാണ് കഴുകുമലയിലെ പ്രധാന കാഴ്ച. തിരുനെല്‍വേലിയില്‍ നിന്നും രാവിലെ തമിഴ്ഗ്രാമ കാഴ്ചകള്‍ കണ്ടു കൊണ്ട്‌ കഴുകുമലക്ക്. വിശാലമായ പാടങ്ങളും, ആട്ടിന്‍പറ്റങ്ങളും, അതിസുന്ദരമായ വഴിയും കൂടിച്ചേര്‍ന്ന് പ്രഭാതകാഴ്ചകള്‍ മനോഹരമാക്കി.

കഴുകുമല

കഴുകുമലയുടെ അടിവാരത്ത് വിശാലമായകുളവും, ചെറിയൊരു കൊവിലുമുണ്ട്. അത്കടന്ന് പാറപ്പുറത്തുകൂടി മുകളിലേക്ക് കയറി കുറച്ചു കയറിയാല്‍ ഇടതുവശത്തായിട്ടാണ് വേട്ടുവന്‍കോവില്‍. ഇത് വേലികെട്ടി തിരിച്ച് പൂട്ടിയിരിക്കുന്നു. തുറക്കുമോ എന്ന് അന്വേഷിച്ചപ്പോള്‍ കുറച്ചുകഴിഞ്ഞ് വാച്ചര്‍ വന്ന് തുറക്കുമെന്ന് അറിഞ്ഞു. സമയം കളയാതെ കഴുകുമല കയറാന്‍ പോയി. വഴിയില്‍ ഒരു വലിയ ഉരുളന്‍കല്ല്‌ ചെരിഞ്ഞ പാറപ്പുറത്ത് വീഴാതെ നില്‍ക്കുന്ന വിസ്മയം. പാറ കടന്ന് ചെന്നാല്‍ വലിയ പഴക്കമില്ലാത്ത ഒരു കോവില്‍. കോവില്‍ തൊഴുത്‌ തിരിഞ്ഞപ്പോള്‍ കോവിലിന്‍റെ കിഴക്കെ മലയുടെ പാറച്ചുമരുകളില്‍ നിറയെ കൊത്തു പണികള്‍, ശ്രദ്ധിച്ചു നോക്കിയപ്പോള്‍ മുഴുവന്‍ ജൈന കൊത്തു പണികളാണ്.

കഴുകുമലയിലെ അത്ഭുത പാറ

മഹാവീരന്‍, ബാഹുബലി, തീര്‍ത്ഥങ്കരന്‍മ്മാര്‍ തുടങ്ങി അനേകം രൂപങ്ങളാണ് മനോഹരമായി കൊത്തി വച്ചിരിക്കുന്നത്. അതിമനോഹരമായ ഈ ശില്‍പ്പങ്ങളെ മറക്കത്തക്കവണ്ണമാണ് പുതുതായി നിര്‍മ്മിച്ച കോവില്‍ നിലകൊള്ളുന്നത്‌. എവിടുന്ന് പാറവെട്ടിയുണ്ടാക്കിയ വഴിയിലൂടെ മുകളിലേക്ക്. കുറച്ച് മുകളിലേക്ക് കയറിയപ്പോള്‍ അവിടെ ഒരു ഗുഹാമുഖം കണ്ടു. അതിപ്രാചീനമായ ഗുഹയാണിത് ഇതിനകത്ത് കയറുവാന്‍ കഴിയില്ല. വീണ്ടും മുകളിലേക്ക് മലയുടെ മുകളില്‍ ചെന്നാല്‍ ലോകം മുഴുവന്‍ കാല്‍കീഴിലാണെന്ന് തോന്നും. മുകളില്‍ നിന്നുള്ള കാഴ്ച മനോഹരമാണ്.

വെട്ടുവന്‍ കോവില്‍

കൊവില്‍പ്പെട്ടിയുടെ ദ്രിശ്യങ്ങള്‍, തമിഴ്‌ ഗ്രാമങ്ങള്‍, കുളങ്ങള്‍, കോവിലുകള്‍, ഇവയുടെ പുറകില്‍ ക്യാന്‍വാസിലെന്ന പോലെ കരിമ്പനകളും, കാറ്റാടിയന്ത്രങ്ങളും, തീപ്പെട്ടികൂടുകള്‍ ചിതറിയതുപോലെ കിടക്കുന്ന കെട്ടിടങ്ങളും, കണ്ണിന് ഇമ്പമേകുന്ന മറ്റനവധി കാഴ്ചകളുമായി, കാഴ്ചകളുടെ പൂരംതീര്‍ക്കുന്നു കഴുകുമല. മൂന്നും, നാലും നൂറ്റാണ്ടുകളിലെ പ്രധാനപ്പെട്ട ജൈനകേന്ദ്രം ആയിരുന്നു കഴുകുമല. മലമുകളില്‍ സുന്ദരമായ ഒരു കല്‍കുളമുണ്ട് നിറയെ വെള്ളവും. മലമുകളിലെ കാഴ്ചകള്‍ കണ്ട് പതുക്കെ താഴ്വാരത്തിലേക്ക്. താഴെ എത്തിയപ്പോള്‍ വെട്ടുവന്‍ കോവില്‍ തുറന്നിരുന്നു. മലയുടെ ചെരുവില്‍ കിഴക്ക് ദര്‍ശനമായി വലിയ പാറവെട്ടി അതിനുള്ളിലായി ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചൊരു കാഴ്ചവിസ്മയം.

വെട്ടുവന്‍ കോവില്‍ ശില്‍പ്പം

മുകളില്‍നിന്നു നോക്കിയാല്‍ കല്ലില്‍ വിരിഞ്ഞ താമരപൂപോലെ തോന്നും. കോവിലിന്‍റെ കിഴക്ക് മുഖത്തില്‍ ഉമാമഹേശ്യരന്‍മ്മാര്‍, തെക്ക് മൃദംഗവായനയില്‍ ഇരിക്കുന്ന ദക്ഷിണാമൂര്‍ത്തി, മറ്റു മുഖങ്ങളില്‍ ശിവഭൂതഗണങ്ങള്‍, ബ്രാഹ്മണന്‍, നരസിംഹമൂര്‍ത്തി, നന്ദിരൂപങ്ങള്‍, എന്നിങ്ങനെ ഒന്ന് ഒന്നിനേക്കാള്‍ മികച്ച അനേകം ശില്പ്പങ്ങളാല്‍ നിറഞ്ഞിരിക്കുന്നു കോവില്‍ ചുമരുകള്‍. മൃദംഗവായനയില്‍ ഇരിക്കുന്ന ശിവരൂപം ഒരു അപൂര്‍വ്വ ശില്‍പ്പമാണ്. ഈ കോവിലിന്‍റെ ശില്പ്പ നിര്‍മാണം അപൂര്‍ണ്ണമായാണ് കിടക്കുന്നത്. ജൈനതപസ്സികള്‍ അറിയാതെ ശിവക്ഷേത്രം നിര്‍മ്മിക്കാനെത്തിയ ശില്‍പ്പികളെ ക്ഷേത്ര നിര്‍മ്മാണത്തിനിടയില്‍ വെട്ടി കൊലപ്പെടുത്തിയെന്നും, പ്രധാനശില്പിയുടെ മകന്‍ അച്ഛനറിയാതെ ശില്‍പ്പങ്ങള്‍ കൊത്തുന്നത് കണ്ട് തന്നേക്കാള്‍ കേമനാകുമെന്നു തോന്നി വെട്ടികൊലപ്പെടുത്തിയെന്നും ഉള്ള രണ്ട് വെട്ടികൊലകഥകളാണ് വെട്ടുവന്‍കൊവിലിനുള്ളത്.

കഴുകാചലമൂര്‍ത്തിയമ്പലം

കഥ എന്തായാലും കോവില്‍ നിര്‍മ്മാണം അപൂര്‍ണ്ണമാണ്. പിന്നീട് എപ്പളോ, ആരോ ഒരു ഗണപതി വിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ചു എന്നുമാണ് കഥ. കാഴ്ചകള്‍ കണ്ടും, കേട്ടും മല ഇറങ്ങി. മലയുടെ താഴ്വാരത്ത് മറ്റൊരു ശിലാക്ഷേത്രമുണ്ട്. കഴുകാചലമൂര്‍ത്തി അമ്പലം എന്നാണ് ഇത് അറിയപ്പെടുന്നത്. കല്‍തൂണുകളും, വ്യാളിശില്‍പ്പങ്ങളും, മറ്റനേകം ശിലപ്പങ്ങളുമായി ഒരു മനോഹര നിര്‍മ്മിതി. ഇതിനു മാറ്റ്കൂട്ടുവാനെന്നവണ്ണം ക്ഷേത്രത്തിനടുത്തായി ഒരു തടാകവും നടുവിലായി മണ്ഡപവുമുണ്ട്. എട്ടാം നൂറ്റാണ്ടില്‍ ആദിമധുരപാണ്ഡ്യന്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന മുരുകക്ഷേത്രമാണിത്. കഴുകുമലയുടെ അടിവാരത്തിലൂടെ ഉള്ളിലേക്ക് തുരന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. കഴുകുമല വിശേഷങ്ങള്‍ കണ്ടറിഞ്ഞ് തിരികെ നാട്ടിലേക്ക്‌. ;;;;;;

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam